Sunday, June 26, 2011

ആരോഗ്യ കേരളം സുന്ദര കേരളം

കഴിഞ്ഞ ആഴ്ചയ്ക്ക് മുന്നത്തെ ആഴ്ച വീട്ടില്‍ ചെന്ന് കഴിഞ്ഞിട്ട് മുറ്റത്തൂടൊക്കെ വെറുതെ നടന്നപ്പോള്‍ , മൂന്നാലു പൊട്ടിയ കുപ്പി ഗ്ലാസുകള്‍ കളയാനായി വെച്ചിരുന്നത് കമഴ്ത്തി വെച്ചിരിക്കൂന്നത് കണ്ടു. ഇതാരേ അമ്മേ ഗ്ലാസ് കമഴത്തി വെച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അമ്മയുടെ മറുപിടി.
“പഞ്ചായത്തീലെ ഹെല്‍ത്തീന്ന് ആളുവന്നായിരുന്നടാ. മഴക്കാലത്ത് രോഗങ്ങളൊന്നും വരാതിരിക്കാനും കൊതുകൊന്നും വളരാതിരിക്കാനും ഇന്നത് ഇന്നത് ചെയ്യണമെന്ന് പറഞ്ഞിട്ടവരു പോയി. അവരാ ഗ്ലാസ് എടുത്ത് കമഴ്ത്തി വെച്ചത്”
“എന്തെല്ലാം ചെയ്യണമെന്നാ അമ്മേ അവരു പറഞ്ഞത്?”
“കറ എടുത്തിട്ട് ചിരട്ട കമഴത്തി വെക്കണം. പറമ്പിലെ കാടൊക്കെ വെട്ടിക്കളയണം. ചിരട്ടയൊന്നും മുറ്റത്ത് ഇടരുത്.... ഇനി അവരു വന്നു നോക്കുമ്പോള്‍ കൊതുകിന് വളരാന്‍ എന്തെങ്കിലും സാഹചര്യം ഉണ്ടാക്കി കൊടുത്താല്‍ പഞ്ചായത്തില്‍ വിളിപ്പിക്കുമെന്ന് പറഞ്ഞു”

അമ്മ ഇറങ്ങി പറമ്പ് തെളിച്ചു. ഇനി നമ്മളായിട്ട് കൊതുകിനെ വളര്‍ത്തി രോഗം പടര്‍ത്തി ജനങ്ങളുടെആരോഗ്യം നശിപ്പിച്ചു എന്നാരും പറയരുതല്ലോ
************************************************************
താഴത്തെ  ഫോട്ടോകള്‍ ഇനി കാണൂ.

കോഴിക്കടയിലെ അവശിഷ്ടം ആണ് ആ കിടക്കുന്നത്. പാലാരിവട്ടം - കാക്കനാട് വഴിയിലെ ഒരു സ്ഥലത്ത് നിന്നുള്ള ചിത്രമാണത്. കഴിഞ്ഞ തിങ്കളാഴ്ച(20-6) മുതല്‍ ഈ മാലിന്യം അവിടെ കിടക്കുകയാണ്. [ഈ പടം എടുത്തത് 26-6,ശനി]. രണ്ട് ദിവസം മൂക്കു പൊത്താതെ ഈ വഴി നടക്കാന്‍ പറ്റില്ലായിരുന്നു. ഈ സ്ഥലങ്ങളി ഉള്ളവര്‍ മാലിന്യം നിക്ഷേപിക്കുന്നത് ഇവിടെ തന്നെയാണ്. ആ കൂട്ടത്തില്‍ ആരോ കൊണ്ടു വന്ന് തള്ളിയതാണ് കോഴിക്കടയിലെ മാലിന്യം. മെയിന്‍ റോഡിന്റെ സൈഡിലുള്ള മാലിന്യങ്ങളെല്ലാം ശുചീകരണാ തൊഴിലാളികള്‍ കൊണ്ടു പോകുമെങ്കിലും ഇടവഴിയിലേക്ക് നീങ്ങി കിടക്കുന്ന മാലിന്യം അവര്‍ കണ്ടതായി നടിക്കാറില്ല.(ഈ മാലിന്യം കൊണ്ട് ഇടുന്നവന്‍ ഇടവ്ഴിയിലേക്ക് മാലിന്യം ഇടാതിരുന്നാലും മതിയായിരുന്നു). ഇടവ്ഴിയിലേക്ക് കിടന്ന കോഴിയുടെ അവശിഷ്ടങ്ങള്‍ ഒരാഴ്ചയായി മഴയൊക്കേ കൊണ്ട് അളിഞ്ഞ് കുറെ ഇല്ലാതായി. ഇല്ലാതായി എന്നു പറഞ്ഞാല്‍ വെള്ളത്തിലൂടെ അങ്ങ് ഒലിച്ചു പോയി എന്ന്. രണ്ടു ദിവസത്തിനുമുമ്പ് ആരോ ഇവിടൊക്കേ കുമ്മായം വിതറിയിരിക്കുന്നത് കണ്ടു.(രോഗാണുക്കളേ നശിപ്പിക്കാനായിരിക്കും). ഏതായാലും അടുത്ത മഴയില്‍ കുമ്മായം കലങ്ങി എവിടയോ പോയി. ഇനി ആ അവശിഷ്ടങ്ങള്‍ മണ്ണോട് ചേരുന്നതുവരെ അവിടെ തന്നെ കാണുമായിരിക്കും..

1 comment:

കൊമ്പന്‍ said...

നമ്മുടെ നാടിന്‍ ദുര്‍ഗതി എത്ര പ്രതികരിച്ചിട്ടും ഫലമില്ല